കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടന തലത്തിലെടുത്ത തീരുമാനമാണെന്ന് മന്ത്രി ഒ.ജെ.ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ജനീഷ് പറഞ്ഞു.
വിവാദമായ വിദേശയാത്രയിലും മന്ത്രി പ്രതികരിച്ചു. പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിദേശയാത്ര നടത്തിയതെന്നും യാത്രയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടതായും ഒ.ജെ.ജനീഷ് അറിയിച്ചു.
വിദേശത്ത് ജയിലിൽ കഴിയുന്ന 32 മലയാളി കുടുംബങ്ങൾ തനിക്ക് നിവേദനം നൽകിയതായും മന്ത്രി വ്യക്തമാക്കി. എന്നാൽ ഈ പ്രധാന വിഷയങ്ങളൊന്നും വാർത്തയായില്ലെന്നും തനിക്കെതിരെ ഒരു ഫോട്ടോ മാത്രമാണ് പ്രചരിപ്പിച്ചതെന്നും ജനീഷ് കൂട്ടിച്ചേർത്തു.